Tuesday 16 September 2014

ബാംഗ്ളൂര്‍ ഡേയ്സ്

ഒരു ലേഡീസ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് മലയാളത്തില്‍. കാരണം വളരെ വിരളമായാണല്ലോ ഇത് സംഭവിക്കുന്നത്. അതുകൊണ്ട് "ബാംഗ്ലൂര്‍ ഡേയ്സ്" ഒരു സംഭവമാണ്. സിനിമ കണ്ടാല്‍ ഇതൊരു ലേഡീസ് സംവിധാനം ചെയ്തതാണെന്ന് തോന്നില്ലാട്ടോ. സ്ഥിരം ജെന്റ്സ് സംവിധായകരുടെ സിനിമാബോധവുമായി അത്രക്കങ്ങട്ട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അതോണ്ടാവും സിനിമ അത്രക്കങ്ങട്ട് വിജയിച്ചത്, ഇല്ലാന്നുണ്ടോ?

കഥയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനൊന്നുമില്ല. സാധാരണ ഇന്ത്യന്‍ സിനിമകളെ പോലെ ഒരു ആണ്‍ (male) ഫാന്റസി. അത്രന്നെ. ഒരു പെണ്ണിനെ സ്വന്തമാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഒരു അടിപൊളി സുന്ദരിപ്പെണ്ണ്. നല്ല തൊലിവെളുപ്പുള്ള, വീട്ടില്‍ പൈസയൊക്കെയുള്ള, അങ്ങനെ അങ്ങനെ. ബൈക്ക് റേസും ക്രേസുമെല്ലാം ഈ ലക്ഷ്യപ്രാപ്തിയിലേക്ക് ഞമ്മളെ നയിക്കാന്‍ സഹായകരമാകുന്ന ഘടകങ്ങളാണ്. ഒരു പെണ്ണിന് വേണ്ടിയല്ലെങ്കില്‍ ഇതിനൊക്കെ എന്ത് രസം? പിന്നെ ലോകത്തെ മുഴുവന്‍ എതിര്‍ത്ത് പെണ്ണിനെ നേടുമ്പോള്‍ അത് സമാനതകളില്ലാത്ത രസമാണ്. ശരിക്കും. അങ്ങനെ കിട്ടുന്ന പെണ്ണ് മരിക്കണം. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഓളെ സഹിക്കണ്ടേ? അവള്‍ മരിക്കുമ്പോള്‍ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം ഉണ്ടാകുന്നു. അവളുടെ ഓര്‍മകള്‍ ജീവിക്കാനുള്ള ഒരു വാശി നല്‍കുന്നു. എംബിയെക്ക് പോകാനും ജീവിതത്തില്‍ കുറേ കാശുണ്ടാക്കാനും അത് പ്രചോദനം നല്‍കുന്നു. പിന്നെ നമുക്കൊത്ത ഒന്നിനെ കെട്ടാം. അവളെ നെഗ്ലക്റ്റ് ചെയ്യാം. നഷ്ടപ്പെട്ടു പോയ ഡിവൈന്‍ ട്രൂ കാമുകിയുടെ ഓര്‍മകളുടെ പേരില്‍ ഇവളെ പീഡിപ്പിക്കാം. എന്തൊക്കെ പറഞ്ഞാലും ഈ ആണുങ്ങളുടെ കാര്യം കഷ്ടമാണ്. ജീവിതം അര്‍ത്ഥശൂന്യമാണ് എന്ന് അവന് അറിയാം. സ്വയം ഒരു മണ്ടന്‍കുണാപ്പി കഴുതയാണെന്നും. അങ്ങനെ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കാനാണ് ബൈക്ക് റേസും ഒരു പെര്‍ഫക്ട് ഗേളിനെ കുറിച്ചുള്ള ഫാന്റസിയുമൊക്കെ. സോഫ്റ്റ് വെയര്‍ ഒരു ബോറന്‍ പണിയാണ്. സംശ്യല്ല്യ. (എന്നാല്‍ വേറെ എന്താണ് ബോറല്ലാത്തത്? മൂരീനെ അറുത്ത് വില്‍ക്കുന്നതോ? അതോ സിനിമക്ക് തിരക്കഥ എയുതുന്നതോ?) ഈ ബോറടിജീവിതത്തിലും ഒരു നല്ല മങ്കയെ സ്വന്തമാക്കും എന്ന സ്വപ്നം. അതല്ലേ ജീവിതം. ജീവിതത്തില്‍ എന്തെങ്കിലും ഒരു ഹോപ്പ് ഒക്കെ വേണ്ടെ? ജീവിതത്തിലില്ലെങ്കിലും സിനിമയില്‍ വേണം. ഇല്ലെങ്കില്‍ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല പള്ളീ. എന്തായാലും ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുന്നതോടെ ഇത്തരത്തിലുള്ള മിക്ക ഇന്ത്യന്‍ സിനിമകളും അവസാനിക്കുന്നു. അതിനപ്പുറത്തേക്കൊന്നും ചികയേണ്ടതില്ല, ഉവ്വോ?

ഈ സിനിമയില്‍ ഒരു മൊമെന്റ് ഓഫ് ട്രൂത്ത് ഉണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ വാപ്പ ഉപേക്ഷിച്ച് പോകുന്ന നിമിഷം. എന്‍ജിനീയറുടെ വിചാരം നാടും തോടും കൃഷിയും അച്ഛനും അമ്മയും കുടുംബവും എല്ലാം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് എന്നാണ്. അത് ഒരു മിഥ്യാ ധാരണയായിരുന്നു എന്ന് മൂപ്പര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു അവസരം സിനിമയില്‍ വരുന്നുണ്ട്. ശരിക്കും അമ്മയും അച്ഛനും തമ്മില്‍ ഒരു ഐഡിയല്‍ ദാമ്പത്യമൊന്നുമില്ലായിരുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷം. പക്ഷേ സിനിമ അവസാനിക്കുമ്പോള്‍ പതിവു മലയാള സിനിമകളെ പോലെ ചെങ്ങായി ഒരു പെണ്ണിനെ മുല്ലപ്പൂ കൊടുത്ത് വശത്താക്കി കെട്ടി ബീവിയാക്കി അറയില്‍ എത്തിച്ച് ആദ്യരാത്രി ആഘോഷിക്കുകയാണ്. ഒരു തിരിച്ചറിവും ഈ കഴുതക്ക് ഒരിക്കലും ഉണ്ടാകില്ല എന്ന് സമര്‍ത്ഥിക്കും പോലെ. ഇതാണ് മലയാള സിനിമ. നല്ലൊരു ഒരു തിരിച്ചറിവു പോലും കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരു പോലെ നിഷേധിച്ച് വെറും കഴുതകളാക്കി മാറ്റുന്നു. എന്നാലേ ഒരു പക്ഷേ സിനിമ ഓടൂ എന്നതുകൊണ്ടാണോ ഇത്?

കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി. ഏതു കുതിരക്കും സിനിമാ റിവ്യു എഴുതാം എന്നാവും. ന്നാ അങ്ങന്യല്ലാട്ട്വോ? ആര്‍ക്കും സിനിമാക്കഥയെഴുതാം സിനിമയെടുക്കാം എന്തും കാണിക്കാം പണമുണ്ടാക്കാം മനുഷ്യനെ കഴുതകളാക്കാം എന്നാണ്, ഏത്?