Tuesday 16 September 2014

ബാംഗ്ളൂര്‍ ഡേയ്സ്

ഒരു ലേഡീസ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് മലയാളത്തില്‍. കാരണം വളരെ വിരളമായാണല്ലോ ഇത് സംഭവിക്കുന്നത്. അതുകൊണ്ട് "ബാംഗ്ലൂര്‍ ഡേയ്സ്" ഒരു സംഭവമാണ്. സിനിമ കണ്ടാല്‍ ഇതൊരു ലേഡീസ് സംവിധാനം ചെയ്തതാണെന്ന് തോന്നില്ലാട്ടോ. സ്ഥിരം ജെന്റ്സ് സംവിധായകരുടെ സിനിമാബോധവുമായി അത്രക്കങ്ങട്ട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അതോണ്ടാവും സിനിമ അത്രക്കങ്ങട്ട് വിജയിച്ചത്, ഇല്ലാന്നുണ്ടോ?

കഥയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനൊന്നുമില്ല. സാധാരണ ഇന്ത്യന്‍ സിനിമകളെ പോലെ ഒരു ആണ്‍ (male) ഫാന്റസി. അത്രന്നെ. ഒരു പെണ്ണിനെ സ്വന്തമാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഒരു അടിപൊളി സുന്ദരിപ്പെണ്ണ്. നല്ല തൊലിവെളുപ്പുള്ള, വീട്ടില്‍ പൈസയൊക്കെയുള്ള, അങ്ങനെ അങ്ങനെ. ബൈക്ക് റേസും ക്രേസുമെല്ലാം ഈ ലക്ഷ്യപ്രാപ്തിയിലേക്ക് ഞമ്മളെ നയിക്കാന്‍ സഹായകരമാകുന്ന ഘടകങ്ങളാണ്. ഒരു പെണ്ണിന് വേണ്ടിയല്ലെങ്കില്‍ ഇതിനൊക്കെ എന്ത് രസം? പിന്നെ ലോകത്തെ മുഴുവന്‍ എതിര്‍ത്ത് പെണ്ണിനെ നേടുമ്പോള്‍ അത് സമാനതകളില്ലാത്ത രസമാണ്. ശരിക്കും. അങ്ങനെ കിട്ടുന്ന പെണ്ണ് മരിക്കണം. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഓളെ സഹിക്കണ്ടേ? അവള്‍ മരിക്കുമ്പോള്‍ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം ഉണ്ടാകുന്നു. അവളുടെ ഓര്‍മകള്‍ ജീവിക്കാനുള്ള ഒരു വാശി നല്‍കുന്നു. എംബിയെക്ക് പോകാനും ജീവിതത്തില്‍ കുറേ കാശുണ്ടാക്കാനും അത് പ്രചോദനം നല്‍കുന്നു. പിന്നെ നമുക്കൊത്ത ഒന്നിനെ കെട്ടാം. അവളെ നെഗ്ലക്റ്റ് ചെയ്യാം. നഷ്ടപ്പെട്ടു പോയ ഡിവൈന്‍ ട്രൂ കാമുകിയുടെ ഓര്‍മകളുടെ പേരില്‍ ഇവളെ പീഡിപ്പിക്കാം. എന്തൊക്കെ പറഞ്ഞാലും ഈ ആണുങ്ങളുടെ കാര്യം കഷ്ടമാണ്. ജീവിതം അര്‍ത്ഥശൂന്യമാണ് എന്ന് അവന് അറിയാം. സ്വയം ഒരു മണ്ടന്‍കുണാപ്പി കഴുതയാണെന്നും. അങ്ങനെ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കാനാണ് ബൈക്ക് റേസും ഒരു പെര്‍ഫക്ട് ഗേളിനെ കുറിച്ചുള്ള ഫാന്റസിയുമൊക്കെ. സോഫ്റ്റ് വെയര്‍ ഒരു ബോറന്‍ പണിയാണ്. സംശ്യല്ല്യ. (എന്നാല്‍ വേറെ എന്താണ് ബോറല്ലാത്തത്? മൂരീനെ അറുത്ത് വില്‍ക്കുന്നതോ? അതോ സിനിമക്ക് തിരക്കഥ എയുതുന്നതോ?) ഈ ബോറടിജീവിതത്തിലും ഒരു നല്ല മങ്കയെ സ്വന്തമാക്കും എന്ന സ്വപ്നം. അതല്ലേ ജീവിതം. ജീവിതത്തില്‍ എന്തെങ്കിലും ഒരു ഹോപ്പ് ഒക്കെ വേണ്ടെ? ജീവിതത്തിലില്ലെങ്കിലും സിനിമയില്‍ വേണം. ഇല്ലെങ്കില്‍ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല പള്ളീ. എന്തായാലും ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുന്നതോടെ ഇത്തരത്തിലുള്ള മിക്ക ഇന്ത്യന്‍ സിനിമകളും അവസാനിക്കുന്നു. അതിനപ്പുറത്തേക്കൊന്നും ചികയേണ്ടതില്ല, ഉവ്വോ?

ഈ സിനിമയില്‍ ഒരു മൊമെന്റ് ഓഫ് ട്രൂത്ത് ഉണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ വാപ്പ ഉപേക്ഷിച്ച് പോകുന്ന നിമിഷം. എന്‍ജിനീയറുടെ വിചാരം നാടും തോടും കൃഷിയും അച്ഛനും അമ്മയും കുടുംബവും എല്ലാം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് എന്നാണ്. അത് ഒരു മിഥ്യാ ധാരണയായിരുന്നു എന്ന് മൂപ്പര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു അവസരം സിനിമയില്‍ വരുന്നുണ്ട്. ശരിക്കും അമ്മയും അച്ഛനും തമ്മില്‍ ഒരു ഐഡിയല്‍ ദാമ്പത്യമൊന്നുമില്ലായിരുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷം. പക്ഷേ സിനിമ അവസാനിക്കുമ്പോള്‍ പതിവു മലയാള സിനിമകളെ പോലെ ചെങ്ങായി ഒരു പെണ്ണിനെ മുല്ലപ്പൂ കൊടുത്ത് വശത്താക്കി കെട്ടി ബീവിയാക്കി അറയില്‍ എത്തിച്ച് ആദ്യരാത്രി ആഘോഷിക്കുകയാണ്. ഒരു തിരിച്ചറിവും ഈ കഴുതക്ക് ഒരിക്കലും ഉണ്ടാകില്ല എന്ന് സമര്‍ത്ഥിക്കും പോലെ. ഇതാണ് മലയാള സിനിമ. നല്ലൊരു ഒരു തിരിച്ചറിവു പോലും കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരു പോലെ നിഷേധിച്ച് വെറും കഴുതകളാക്കി മാറ്റുന്നു. എന്നാലേ ഒരു പക്ഷേ സിനിമ ഓടൂ എന്നതുകൊണ്ടാണോ ഇത്?

കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി. ഏതു കുതിരക്കും സിനിമാ റിവ്യു എഴുതാം എന്നാവും. ന്നാ അങ്ങന്യല്ലാട്ട്വോ? ആര്‍ക്കും സിനിമാക്കഥയെഴുതാം സിനിമയെടുക്കാം എന്തും കാണിക്കാം പണമുണ്ടാക്കാം മനുഷ്യനെ കഴുതകളാക്കാം എന്നാണ്, ഏത്?

Wednesday 6 August 2014

സ്വത്വം: ചില പാഠങ്ങള്‍

 സ്വത്വം
സ്വത്വം, സ്വത്വം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. സ്വത്വക്കാരെ സിപിഎം പുറത്താക്കിയത് കിനാലൂരില്‍ അടി കിട്ടിയപ്പോഴാണ് എന്ന് ആരോ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. അന്ന് കുഞ്ഞഹമ്മദിക്ക കരഞ്ഞു. ഇടത്തും വലത്തും അടികിട്ടിയതിനാണ്  അദ്ദേഹം കരഞ്ഞത് എന്നും പറഞ്ഞു കേട്ടു.

ശ്രീലങ്കന്‍ തമിഴര്‍
ചാനല്‍ ഫോറ് എന്നോ മറ്റോ ഒരു ചാനലുണ്ട്. അവര്‍ ശ്രീലങ്കയില്‍ നടന്ന തമിഴ് കൂട്ടക്കൊലയെ കുറിച്ച് വിശദമായി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു [1][2]. അതില്‍ താന്‍ ജനിച്ച് വളര്‍ന്ന ഇംഗ്ലണ്ടില്‍ നിന്ന് ജന്മനാട്ടില്‍, ശ്രീലങ്കയില്‍, സന്ദര്‍ശനത്തിനെത്തുന്ന ഒരുത്തിയുണ്ട്. അവള്‍ പറഞ്ഞത് കൂട്ടക്കുരുതിക്കിടയില്‍ പാലായനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ചുറ്റും മരണപ്പെടുന്നത് 'തമിഴ'രാണ് എന്നും താന്‍ ഒരു 'തമിഴ'ത്തിയാണ് എന്നും ആദ്യമായി മനസ്സിലായത് എന്നാണ്. അതായത് അവളുടെ സ്വത്വം 'തമിഴ്' ആണ്. ആയത് ആ വിഡ്ഢി കൂശ്മാണ്ടം മനസ്സിലാക്കുന്നത് കൂട്ടക്കുരുതി നടക്കുമ്പോഴാണ്. അതിനു മുമ്പ് ഓള് തമിഴ് ആയിരുന്നില്ലേ? അല്ല, ആയിരുന്നോ? ഉവ്വോ?

ഇറാക്ക്
ഇതേ പ്രശ്നം തന്നെയാണ് ഇറാക്കിലും. തങ്ങള്‍ ഷിയയാണോ സുന്നികളാണോ കുര്‍ദ്ദുകളാണോ യാസിദികളാണോ എന്നതാണ് അവിടുത്തെ പ്രശ്നം. ഇപ്പോള്‍ പുതിയ ഒരു സുനാപ്പികള്‍ ഇറങ്ങിയിട്ടുണ്ട്: ഐ. എസ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് [3]. ഇവന്മാര്‍ അമേരിക്ക കാശുകൊടുത്ത് വളര്‍ത്തിയ സുന്നി ഭീകര സംഘടനയായ ലവന്മാരുണ്ടല്ലോ -- അല്‍ ഖ്വയിദ. അവരില്‍ നിന്ന് അടര്‍ന്നുണ്ടായതാണ് എന്നാണ് സാക്ഷ്യം. സുന്നി മാത്രം മതി, മറ്റെല്ലാവരും സുന്നിയാവുക ഇല്ലെങ്കില്‍ ചാകാന്‍ തയ്യാറാകുക എന്നതാണ് എവരുടെ പക്ഷം. എന്താണ് ഈറ്റിങ്ങളുടെ ഹാല്ന്ന് കണ്ടറിയണം. ഏതായാലും കുറേ ഷിയാക്കളെയും കുര്‍ദ്ദുകളെയും യാസിദി ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുന്നുണ്ട് ദിവസേന. സ്വത്വം അവിടെയും സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. ഇന്ത്യയിലെ ഷിയകള്‍ക്ക് സ്വത്വബോധം മുട്ടുന്നു. ഇറാക്കിലേക്ക് ഐ. എസുമായുള്ള യുദ്ധത്തില്‍ പങ്കുചേരാന്‍ പോകണം  എന്നതാണ് ഇപ്പോഴത്തെ ജീവാഭിലാഷം. സ്വത്വബോധമുള്ള ചില സുന്നികള്‍ മുമ്പേ കപ്പല്‍ കയറി ഐ. എസില്‍ ചേര്‍ന്നു കഴിഞ്ഞത്രെ!

ഗാസ
കേരളത്തിലെ പല ഇത്താത്തമാരും ഇത്തവണ പെരുന്നാളിന് മൈലാഞ്ചിയിട്ടപ്പോള്‍ ഗാസയില്‍ ഒഴുകുന്ന ഞമ്മന്റെ ആള്‍ക്കാരുടെ രക്തത്തെ കുറിച്ചാണ് ഓര്‍ത്തത്. പെരുന്നാളിന്റെ തലേ ദിവസം ഉറങ്ങാന്‍ കൂടെ കഴിഞ്ഞില്ല. എന്താ ചെയ്യ. ഇസ്രായേലിനെ പാഠം പഠിപ്പിക്കണേ, ആടെ തീമഴ പെയ്യിക്കണേ എന്നൊക്കെ പ്രാര്‍ത്ഥിക്കാം. വേറെ എന്ത്? ഹമാസ് സഹന ശക്തി ആര്‍ജ്ജിക്കുകയാണ്. ആര്‍ജ്ജിക്കട്ടെ.

ഇസ്രായേല്‍
നിങ്ങ എന്തൊക്കെ പറഞ്ഞാലും നുമ്മ ചെയ്യാനുള്ളത് ചെയ്യും. കാരണം നുമ്മ യഹൂദരാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍. നുമ്മക്ക് ആരെയും കൊല്ലാം. അമേരിക്ക നുമ്മടെ കൂടെണ്ടാവണം എന്നു മാത്രം. യൂറോപ്യന്‍ യൂണിയന്റെ കാര്യം പറയേണ്ടതില്ലല്ലോ? ലതാണ് നുമ്മടെ ഒരു ലിത്. കാരണം നുമ്മ യഹൂദരാണ്. സ്വന്തം സ്വത്വം തനിക്ക് തന്നെ നാണക്കേടായ ചില യഹൂദരും ഉണ്ട്. ഓല് പറഞ്ഞത് ഇസ്രായേലിന്റെ കൂട്ടക്കുരുതി യഹൂദരുടെ പ്രവര്‍ത്തിയായി കാണരുത് എന്നാണ്. ഈ സ്വത്വത്തിന്റെ ഒരു കാര്യമേ. ആസനത്തില്‍ മുളച്ചാല്....

 അമേരിക്ക
സദ്ദാം ഹുസൈന്‍ എന്നൊരാളുണ്ടായിരുന്നു. പഴയ ചരിത്രമാണ്. പലരും മറന്നു പോയിരിക്കുന്നു. അതുപോലെ ട്രിപ്പോളിയിലെ ഒരു മച്ചാന്‍: ഗദ്ദാഫി. പിന്നെ ബിന്‍ലാദന്‍. അങ്ങനെ ചിലര്‍. അഫ്ഗാനിസ്ഥാന് പണ്ടൊരു രാജ്യമായിരുന്നു. ഇന്നത്തെ പോലെ ഒരു വെടക്ക് സ്ഥലമായിരുന്നില്ല. ഇതെല്ലാം മാമന്‍ തകര്‍ത്തതാണ്. എന്തിനാണെന്നോ? മാമന്റെ ഒരു ജീവിതശൈലിക്ക് ഇതെല്ലാം എതിരായിരുന്നു. അത്രതന്നെ. മാമന് മാമന്റെ സ്വത്വം തന്നെ വലുത്. വേറാള്‍ക്കാരൊക്കെ ഉണ്ടായാലെന്ത് ഇല്ലെങ്കിലെന്ത്?

ഇന്ത്യ
തള്ളെ, ഭാരതത്തെപ്പറ്റി നീ കേട്ടിട്ടില്ലേ? ഗാസ, ഇറാക്ക് എന്നൊക്കെ പറയുമ്പോള്‍ ചെല കൊമ്പന്മാര്‍ വരും -- അപ്പോ ഞി കാശ്മീര്‍ പണ്ടിറ്റുകളെ കണ്ട്ക്കാ? പാക്കിസ്ഥാനിലെ ഹിന്ദൂന്റെ കഥ ഞി കേട്ടിക്കാ? ബംഗ്ലാദേശിലെ ഹിന്ദൂനെ ഓര്‍ത്ത്ക്കാ? ഓല്‍ക്ക് വേണ്ടി അന്റെ അച്ഛന്‍ ശബ്ദമുയര്‍ത്തിക്കാ? എന്താ പറയുക? ഹിന്ദുവിനും പൊള്ളുന്നത് സ്വത്വബോധം ഉണരുമ്പോള്‍ തന്നെ. കൂടുതല്‍ ഞമ്മള് പറയണോ? വേണ്ട. ഇന്നിത്രയും മതി.

അവസാനം
സ്വത്വം എന്ന സങ്കുചിതത്വത്തില്‍ നിന്നും ഇനി മനുഷ്യരാശി എപ്പോഴാണ് ഉയരുക? മനുഷ്യന്‍ മനുഷ്യനായി, സ്വത്വത്തിനതീതമായി, ബലികഴിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുകളുടെ രോദനം എന്നാണ് നമ്മുടെ കരളുകള്‍ അലിയിക്കുക? തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ തമിഴര്‍ മാത്രം കരഞ്ഞാല്‍, മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇത്താത്തമാര്‍ മാത്രം കരഞ്ഞാല്‍, അമേരിക്കക്ക് അമേരിക്കക്കാരന്‍ മാത്രം തുണയായാല്‍, ഹിന്ദുവിന് ഹിന്ദുമാത്രം രക്ഷകന്‍ എന്ന് പറഞ്ഞാല്‍, പിന്നെ നിങ്ങളൊക്കെ യുദ്ധം വേണ്ട, ന്യൂക്ലിയര്‍ എനര്‍ജ്ജി വേണ്ട, പ്രകൃതിയെ രക്ഷിക്കുക, മുഖ്യമന്ത്രി രാജി വെക്കുക എന്നൊക്കെ തൊള്ളയും വിളിയും കൂട്ടിയിട്ട് എന്താണ് കാര്യം മക്കളേ?

(അ)ശുഭം!

വാല്‍ക്കഷ്ണം: ഈ യഹൂദര്ന്ന് പറഞ്ഞാ എന്തന്ന് ഇങ്ങള് മനസ്സിലാക്ക്ക്കാ? പണ്ട് ഞമ്മളെ നാട്ടിന്ന് പോയ ശ്രീകൃഷ്ണന്റെ കുടുംബക്കാരായ യാദവരാണ് ലവര്. ഏദ്?

എഴുത്ത്

എഴുത്ത് എന്നത് ഞാന്‍ ഞാനുമായി നടത്തുന്ന സംവാദങ്ങളാകുന്നു.

എഴുത്ത് എന്നത് എന്റെ ചിന്തകളുടെ ക്രോഢീകരണമാകുന്നു.

എഴുത്ത് എന്നത് ചിന്തകനില്ലാത്ത ചിന്തകളുടെ ക്രോഢീകരണമാകുന്നു.

എഴുത്ത് എന്നത് കെട്ടിക്കിടന്ന് മനസ്സ് മലീമസമാകാതിരിക്കാന്‍  ചിന്തകളെ പുറത്തേക്ക് തുറന്നു വിടാനുള്ള ഒരു സങ്കേതമാകുന്നു.